ശൈലപുത്രി :- ശൈലം എന്നാൽ പർവ്വതം. പർവ്വതരാജാവായ ഹിമവന്റെ മകളാണ് ശൈലപുത്രി. ഹിമവന്റെ മകളായതിനാൽ ഹേമവതിമാതാ എന്നും പർവ്വതരാജന്റെ മകളായതിനാൽ പാർവ്വതിമാതാ എന്നും ദേവി അറിയപ്പെടുന്നു.
ദക്ഷപ്രജാപതിയുടെ മകളായിട്ടാണ് ദേവി ആദ്യം അവതരിച്ചത്. സതി എന്നായിരുന്നു ദേവിയുടെ നാമം. സതി എന്നാൽ സ്വാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം. ദക്ഷയാഗ ഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ സഹിയാതെ സതീദേവി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പിന്നീടാണ് പർവ്വതരാജാവായ ഹിമവാന്റെ മകൾ ശൈലപുത്രിയായി ദേവി അവതരിച്ചത്.
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തീ ഭാവമാണ് ശൈലപുത്രി എന്ന് ചുരുക്കി പറയാം. വിശദീകരിക്കാനാണങ്കിൽ ഏറെയുണ്ട്. അതിന് ഇവിടെ തുനിയുന്നില്ല. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യിൽ ശൂലവും മറുകയ്യിൽ താമരയും ആണ് . നവരാത്രിയിലെ ആദ്യദിവസം ശൈലപുത്രിയെയാണ് നാം പൂജിക്കുന്നത്. ശൈലപുത്രീപൂജ ദാരിദ്ര്യദുഃഖങ്ങളും ശത്രുദോഷവും ഇല്ലാതാക്കി ആയുസ്സും സമ്പത്തും പ്രദാനം ചെയ്യുമെന്നാണ് ഫലശ്രുതി.
ബ്രഹ്മചാരിണി :- ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപസ് എന്നും അർത്ഥമുണ്ട്. അതിനാൽ തപസനുഷ്ഠിക്കുന്നവളാണ് ബ്രഹ്മചാരിണി. ശൈലപുത്രിയായി അവതരിച്ച ദേവി പരമശിവനെ പതിയായി ലഭിക്കുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ഠിച്ചു. കഠിനമായ ഈ തപസ് അനുഷ്ഠിച്ചതിനാലാണ് ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചത്. ശുഭ്രവസ്ത്രധാരിയായ ദേവി കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ രണ്ടാം ദിവസം ദേവിയുടെ ബ്രഹ്മചാരിണി ഭാവത്തെയാണ് ആരാധിക്കുന്നത്. ബ്രഹ്മചാരിണീ പൂജകൊണ്ട് ധർമ്മാർത്ഥകാമഫലവും ഉത്തമമംഗല്യഭാഗ്യവും പുത്രപൗത്രാദി വൃദ്ധിയും ആണ് ഫലം.
ചന്ദ്രഘണ്ഡാ :- നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവിയെ ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. സിംഹവാഹിനിയായ ദേവിയ്ക്ക് പത്തു കൈകളുണ്ട്. പദ്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദ, ശൂലം എന്നീ ആയുധങ്ങളുണ്ട് കൈകളിൽ. നവരാത്രിയിൽ മൂന്നാം ദിവസം ദേവിയുടെ ചന്ദ്രഘണ്ഡാ ഭാവത്തെയാണാരാധിക്കുന്നത്. ശത്രുക്കളോട് മത്സരിക്കുവാൻ ദേവി നമുക്ക് ശൗര്യവും ശക്തിയും പ്രദാനം ചെയ്യുന്നു. ചന്ദ്രഘണ്ഡാദേവിയുടെ പൂജയിലൂടെ ശത്രുതാനാശവും മനശാന്തിയും ജീവിതാഭിവൃദ്ധിയും ഫലമെന്ന് കാണുന്നു.
കുഷ്മാണ്ഡാ:- പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കുഷ്മാണ്ഡാ. കു, ഊഷ്മം, അണ്ഡം എന്ന മുന്നു പദങ്ങൾ കുടിചേർന്നാണ് കുഷ്മാണ്ഡാ എന്ന നാമം ഉണ്ടായിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഊഷ്മം എന്നാൽ താപത്തേയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്. നവരാത്രിയിൽ നാലാം ദിവസം ദേവി യുടെ കുഷ്മാണ്ഡാ ഭാവത്തെയാണ് ആരാധിക്കുന്നത്. ദുഃഖശമനവും നിശേഷ ദോഗശാന്തിയും ആണ് ഫലം.
സ്കന്ദമാതാ :- കുമാരൻ കാർത്തികേയന്റെ (സ്കന്ദന്റെ) മാതാവായതിനാൽ ദേവിയെ സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. നവരാത്രിയിൽ അഞ്ചാം ദിവസം സ്കന്ദമാതാഭാവത്തെയാണ് ആരാധിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ശക്തിയും അതുകൊണ്ടുണ്ടാകുന്ന സദ്ഫലവും ദേവി നമുക്ക് തരുന്നു.
കാർത്യായനി :- കതൻ എന്ന ഒരു ഋഷിവര്യൻ ഭൂമിയിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്നതിന്റെ ദുഃഖം ഋഷിവര്യനെ ദുഃഖത്തിലാക്കി. ദേവി പരാശക്തിയെ തന്റെ പുത്രിയായി ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനുവേണ്ടി അദ്ദേഹം കഠിനമായ തപസ്സനുഷ്ഠിച്ചു. പരാശക്തി ഋഷിവര്യനിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായി കാർത്യായനി എന്ന നാമത്തിൽ പരാശക്തി അവതരിച്ചു. കാർത്യായനി ഭാവത്തിലാണ് ദേവി മഹിഷാസുരനെ വധിച്ചത്. ഈ സമയത്ത് ദേവിലക്ഷമിയും ദേവിസരസ്വതിയും ഒന്നായി, ആദിപരാശക്തിയായി, മഹിഷാസുരമർദ്ദിനിയായി ദേവി മാറി. നവരാത്രിയിൽ ആറാം ദിവസം നവദുർഗ്ഗയുടെ കാർത്യായനി ഭാവത്തെയാണ് ആരാധിക്കുന്നത്. ദുഷ്ട ശത്രുതാനാശമാണ് ഫലം.
കാലരാത്രി (കാളരാത്രി) അഥവാ ഭദ്രകാളി :- നവദുർഗ്ഗയുടെ ഏഴാമത്തെ ഭാവമാണ് കാലരാത്രി (കാളരാത്രി) അഥവാ ശ്രീഭദ്രകാളി, കറുത്ത വർണ്ണവും രൗദ്രരൂപവും ത്രിലോചനങ്ങളുമുള്ള കാലരാത്രിദേവി നവദുർഗ്ഗയുടെ ഭയാനക രൂപമാണ്. നാലു തൃക്കരങ്ങളാണ് ദേവിയ്ക്ക്. വലത് കരങ്ങൾ ഭക്തരെ സദാ ആശിർവദിച്ചുകൊണ്ടിരിക്കും. ദേവി തന്റെ ഭക്തരെ എല്ലാവിധ ഭയത്തിൽ നിന്നും ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്നു. ഇതുകൊണ്ട് കരുണാ ദേവി ശുഭകാര്യണി എന്നീ നാമങ്ങളും ദേവിക്കുണ്ട്. പാർവതി ദേവിയുടെ താമസഭാവമാണ് ദേവികാലരാത്രി. രക്തബീജൻ, ചണ്ഡമുണ്ഡൻ എന്നീ അസുരന്മാരെ കാലരാത്രിഭാവത്തിലാണ് ദേവി വധിച്ചത്. ദാരികവധം നടത്തിയ കാലരാത്രിദേവിയ്ക്ക് പ്രാധാന്യം കൊടുത്താണ് നവരാത്രി ഏഴാം ദിവസം ആരാധിച്ചു വരുന്നത്.
സാക്ഷാൽ പരമശിവൻ ആയുസ്സ് നൽകുമ്പോൾ കാലരാത്രിദേവി അഥവാ ശ്രീഭദ്രകാളി ശക്തിപ്രധാനം ചെയ്യുന്നു. മഹാകാലേശ്വരനായ ശിവൻ സംഹാര മൂർത്തിയാകുമ്പോൾ മഹാദേവനെ ദേവി സംഹാരകർമ്മത്തിൽ സഹായിക്കുന്നു. കാലരാത്രിദേവിയുടെ പ്രസാദംകൊണ്ട് സർവൈശ്വര്വവും ഭയത്തിൽ നിന്നും ആപത്തുകളിൽ നിന്നും മോചനവും ലഭിക്കുന്നു.
മഹാഗൗരി :- പ്രശാന്തതയുടേയും വിജ്ഞാനത്തിന്റേയും പ്രതീകമാണ് മഹാഗൗരി. വെളുത്തനിറമുള്ള ദേവി എന്നാണ് മഹാഗൗരിയെന്ന വാക്കിന്റെ അർഥം. നവദുർഗ്ഗയുടെ സ്വാതികഭാവമാണ് മഹാഗൗരി. നാലുകരങ്ങളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരുകരങ്ങളിലായി ശൂ ലവും ഡമരുവും ഉണ്ട്. അന്നപൂർണേശ്വരിയായ നവദുർഗയുടെ മഹാഗൗരിഭാവത്തെയാണ് നവരാത്രി എട്ടാം ദിവസം ആരാധിക്കുന്നത്. വിദ്യാഭിവൃദ്ധിയും ദാരിദ്ര്യദുഃഖശമനവും സർവ്വസമ്പൽസമൃദ്ധിയുമാണ് ഫലം.
സിദ്ധിദാത്രി :- നവദുർഗ്ഗയുടെ 9-മത്തെ ഭാവമാണ് സിദ്ധിദാത്രി. താമരപ്പൂവിൽ കുടികൊള്ളൂന്ന ഈ ദേവി സാക്ഷാൽ മഹാലക്ഷ്മി തന്നെയാണ്. ഇങ്ങനെയുള്ള സിദ്ധിദാത്രി ഭാവത്തെയാണ് നവരാത്രി ഒൻപതാംദിവസം ആരാധിക്കുന്നത്. സർവ്വദാ ആനന്ദകാരിണിയായ സിദ്ധിദാത്രി തന്റെ ഭക്തർക്ക് സർവ്വാഭീഷ്ടങ്ങളും സർവ്വോപരി സർവ്വ സിദ്ധികളും സർവ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുന്നു.