



ഭാഗവതപ്രകാരം കൃഷ്ണൻ (ദേവനാഗരി: कृष्ण) മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കരുതപ്പെടുന്നു. ഭഗവാൻ കൃഷ്ണൻ വിഷ്ണുവിനെപ്പോലെ ചക്രധാരിയായി പലയിടത്തും പ്രകടമാകുന്നുണ്ട്. ഭഗവദ്ഗീത, ഭാഗവതം, ഹരിവംശം, വിഷ്ണുപുരാണം, ബ്രഹ്മവൈവർത്തപുരാണം, ഉപനിഷത്തുക്കൾ,നാരായണീയം എന്നിവകളിൽ കൃഷ്ണന്റെ മഹത്ത്വം വർണ്ണിക്കപ്പെട്ടിട്ടുണ്ട്. വിഷ്ണുവിനെപ്പോലെ സർവ്വവ്യാപിയായും സർവ്വദേവതാമയനായും കൃഷ്ണൻ കരുതപ്പെടുന്നു . മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ.
വിശ്വാസം
മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ കൃഷ്ണൻ വിശ്വരൂപദർശനത്തിലൂടെ തന്റെ സർവേശ്വരത്വം അർജുനന് വെളിപ്പെടുത്തിയതായി വിശ്വസിക്കപ്പെടുന്നു. ശ്രീകൃഷ്ണ ഭക്തരുടെ അന്താരാഷ്ട്ര സംഘടനയായ ഇസ്കോണിന്റെ (ISKON) അഭിപ്രായപ്രകാരം ഭഗവാൻ ശ്രീകൃഷ്ണൻ ഹൈന്ദവ വിശ്വാസത്തിലെ പതിനാല് ലോകങ്ങളിൽ ഒന്നായ ഗോലോകത്തിന്റെ അധിപതിയാണ്. അവിടെ ഗോക്കളോടും രാധികാറാണിയോടും കൂടി വസിക്കുന്ന കൃഷ്ണന്റെ ഒരു അവതാരമായി മഹാവിഷ്ണു കണക്കാക്കപ്പെടുന്നു.
നിരുക്തം
സംസ്കൃതനാമവിശേഷണ പദമായ കൃഷ്ണ (kṛṣṇa) എന്നതിന്റെ അർത്ഥം ഇരുണ്ടത് അഥവാ കറുത്തത് എന്നാണ്. ഋഗ്വേദത്തിൽ രാത്രി, തമസ്സ്, ഇരുട്ട് എന്നീ അർത്ഥങ്ങൾ ധ്വനിപ്പിക്കാനാണ് കൃഷ്ണ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്. RV 4.16 ൽ കൃഷ്ണ എന്നത് ഇരുട്ട് പരത്തുന്ന രാക്ഷസരൂപത്തെ പ്രതിനിധീകരിക്കുന്നു. RV 8.85.3 ലാണ് കൃഷ്ണ എന്നത് വ്യക്തമായ ഒരു നാമരൂപത്തെ സൂചിപ്പിക്കുന്നത്. ഇവിടെ കൃഷ്ണൻ എന്നത് ഒരു കവിയായ കണ്വ മഹർഷി ആണ്. ലളിതവിസ്താര സൂത്രത്തിൽ (Lalitavistara Sutra ) ബുദ്ധന്റെ ശത്രുക്കളായ തമോമൂർത്തികളിൽ മുഖ്യന്റെ പേര് കൃഷ്ണൻ എന്നാണെന്നു കാണാം വിഷ്ണുസഹസ്രനാമത്തിൽ അൻപത്തിയേഴാമത്തെ പര്യായമായി കൃഷ്ണൻ എന്ന പദം ചേർത്തിട്ടുണ്ട്. കറുത്തനിറത്തോടുകൂടിയ മൂർത്തികളെയെല്ലാം കൃഷ്ണൻ എന്ന പേരിൽ സൂചിപ്പിക്കാം. വല്ലഭ സമ്പ്രദായത്തിൽ(Vallabha sampradaya) ബ്രഹ്മസംബന്ധമന്ത്രയിൽ വ്യക്തികൾക്കോ വസ്തുക്കൾക്കോ സംബന്ധിച്ച പാപത്തെ മാറ്റാനുള്ള ശക്തിയെ കൃഷ്ണൻ എന്ന പദത്തിൽ അഭിസംബോധന ചെയ്യുന്നു. മഹാഭാരതം ഉദ്യോഗപർവ്വത്തിൽ(Mbh 5.71.4) കൃഷ്(kṛṣ) എന്നും ണ(ṇa) എന്നുമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. കൃഷ് എന്ന പദമൂലത്താൾ ഉഴുവുക എന്നു പ്രക്രിയയേയും, ണ എന്നതിനാൽ പരമാനന്ദം(നിർവൃതി) എന്നതിനേയും സൂചിപ്പിക്കുന്നു. കൃഷ്ണൻ എന്ന പദത്തെ ആകർഷിക്കുക എന്നർത്ഥമുള്ള കർഷ് ധാതുവായി വിഭജിച്ചിരിക്കുന്നതായി പലയിടത്തും കാണാം. ഇതിൻ പ്രകാരം കൃഷ്ണൻ എന്ന പദത്താൽ എല്ലാവരേയും ആകർഷിക്കുന്നവൻ എന്ന അർത്ഥത്തെ കുറിക്കുന്നു. കൃഷ്ണന്റെ ഈ പ്രത്യേകത ഭാഗവതത്തിന്റെ ആത്മരാമപാദത്തിൽ (Bhagavatam 1.7.10) കാണാൻ കഴിയും. ആദിശങ്കരന്റെ വിഷ്ണുസഹസ്രനാമ വ്യാഖ്യാനത്തിൽ പരമാനന്ദത്തിന്റെ ഇരിപ്പിടം എന്ന വിവക്ഷയാണ് കൃഷ്ണനു നൽകിയിരിക്കുന്നത്.
കൃഷ്ണൻ തന്റെ കഥകളുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. ഇവയിൽ ഗോപാലൻ (ഗോക്കളുടെ(പശു) സംരക്ഷകൻ) ഗോവിന്ദൻ (ഗോക്കളുടെ ഉദ്ധാരകൻ) എന്നിവ കുട്ടിക്കാലവുമായി ബന്ധപ്പെട്ടവയാണ്. ഇവയെക്കൂടാതെ കേശവൻ, പാർത്ഥസാരഥി മുതലായ മറ്റ് നിരവധി നാമങ്ങളിലും കൃഷ്ണൻ പ്രസിദ്ധനാണ്.